---
title: "ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല  "
english_title: "KPCC reorganization list may not L announced today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307589/KPCC reorganization list may not L announced today"
published_at: "2025-08-10T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898255f653e3_Screenshot_20250810_101748_Samsung_Internet.jpg"
keywords: []
---

# ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം തുടരുന്നതായി സൂചന; കെപിസിസി പുനഃസംഘടന പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കില്ല  

> **Lead Summary:** കെപിസിസി പുനഃസംഘടനയിൽ നേതാക്കൾ തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകൾ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.

## Article Content

കെപിസിസി പുനഃസംഘടനയിൽ നേതാക്കൾ തമ്മിലുള്ള അനൗദ്യോഗിക ചർച്ചകൾ തുടരുന്നു. പുനസംഘടന പട്ടിക ഇന്ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ തർക്കങ്ങൾ തുടരുന്നതിനാൽ ഇന്ന് പ്രഖ്യാപിക്കാനിടയില്ല. അവസാന വട്ട കൂടിക്കാഴ്ചകൾ നടത്തി ഈയാഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം.

ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം സംസ്ഥാനത്തെത്തിയ നേതാക്കൾ ഇപ്പോഴും ഇക്കാര്യത്തിലെ ചർച്ച തുടരുകയാണ്. ഡി.സി.സി പ്രസിഡന്റുമാരെ ചൊല്ലിയുള്ള തർക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. അതിനിടെ ജംബോ പട്ടിക ചുരുക്കണം എന്ന ഹൈക്കമാൻഡ് നിർദ്ദേശവും കെപിസിസിക്ക് കീറാമുട്ടിയാണ്.

കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനായിരുന്നു ഹൈക്കമാന്റ് നിർദേശം. എന്നാൽ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ നേതാക്കളിൽ സമവായം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ജൂൺമാസത്തിൽ ആരംഭിച്ച അനൗദ്യോക ചർച്ചകളിലൊന്നും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റത്തിൽ തീരുമാനം ഉണ്ടാക്കാൻ പറ്റാതെ വന്നതോടെ ചർച്ച ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു.

വി ഡി സതീശൻ എറണാകുളം ഡിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് നിലപാട് കടുപ്പിച്ചതും, കണ്ണൂർ ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാർട്ടിൻ ജോർജിനെ മാറ്റുന്നതിനും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ തീരുമാനം കൈക്കൊള്ളാൻ പറ്റാതെ വരികയായിരുന്നു. എല്ലാ ജില്ലകളിലും മൂന്നോളം നേതാക്കളെ ഡി സി സി അധ്യക്ഷസ്ഥാനത്തേക്ക് വിവിധ നേതാക്കൾ ശിപാർശ ചെയ്യുകയും അവർക്കായി വാദിക്കുകയും ചെയ്തതോടെ പുതിയ അധ്യക്ഷന്മാരെ അന്തിമമായി തീരുമാനിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307589/KPCC reorganization list may not L announced today)